തമിഴിൽ ആദ്യ ചിത്രവുമായി മമിത; 'റിബല്‍' ട്രെയ്‍ലര്‍ പുറത്തിറങ്ങി

rebel

ജി വി പ്രകാശ് കുമാറിനെ നായകനാക്കി നവാഗതനായ നികേഷ് ആര്‍ എസ് സംവിധാനം ചെയ്യുന്ന റിബല്‍ എന്ന ചിത്രത്തിൻറെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. പ്രേമലുവിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മമിത ബൈജുവാണ് ചിത്രത്തിലെ നായിക. തമിഴിൽ മമിത അഭിനയിക്കുന്ന ആദ്യ ചിത്രമാണിത് . 

കേരളത്തിലെ കോളെജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവാണ് ജി വി പ്രകാശ് കുമാറിന്‍റെ കഥാപാത്രം. കേരളത്തിലെ ഒരു കോളെജില്‍ തമിഴ് യുവാക്കള്‍ നേരിടുന്ന അപരത്വമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലവും ചിത്രത്തിനുണ്ട്. 1980 കളാണ് സിനിമയുടെ പശ്ചാത്തലം. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്‍, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അരുണ്‍കൃഷ്ണ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ലിയോ ജോണ്‍ പോള്‍, എഡിറ്റിംഗ് വെട്രി കൃഷ്ണന്‍, ആക്ഷന്‍ ശക്തി ശരവണന്‍, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്‍. മാര്‍ച്ച് 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.