തെന്നിന്ത്യൻ താരസുന്ദരി നടി രശ്മിക മന്ദാനയുടെ സൗന്ദര്യ രഹസ്യം ഇതാണ്..
rashmikamandana

തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയുടെ സൗന്ദര്യത്തിന് ആരാധകരേറെയുണ്ട്. മനോഹരമായ തന്റെ ചർമത്തിന്റെ സംരക്ഷണത്തിനായി രശ്മിക ചെയ്യുന്നത് എന്തെല്ലാമെന്നു നോക്കാം.

എണ്ണമയവും വരൾച്ചയും ഒന്നിക്കുന്ന ചർമം (combinations Skin) ആണു രശ്മികയുടേത്. അതുമൂലം പല വിഷമതകളും അനുഭവിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

അലർജി ടെസ്റ്റ് ചെയ്യുക എന്നതാണ് ചർമ സംരക്ഷണത്തിന്റെ ആദ്യപടി. ഇന്ത്യക്കാരുടെ ചർമത്തിന് അലർജി മൂലമുള്ള സങ്കീർണതകൾ താരതമ്യേനേ കുറവാണ്. എങ്കിലും പല വസ്തുക്കളും ചർമത്തിൽ ഉണ്ടാക്കാനിടയുള്ള പ്രതിഫലനങ്ങൾ‌ തള്ളിക്കളയാനാവില്ല. കുക്കുംബർ, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ പച്ചക്കറികൾ തനിക്ക് അലർജി ഉണ്ടാക്കാറുണ്ടെന്ന് രശ്മിക.

എണ്ണ, പാൽ എന്നിവയുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നു. കൂടാതെ ശരീരത്തിൽ മോശം പ്രതികരണം ഉണ്ടാക്കുന്ന ഭക്ഷണങ്ങളും കഴിക്കാറില്ല. ദിവസേന കുറഞ്ഞത് 3 ലീറ്റർ വെള്ളം കുടിക്കും. സൺസ്‌ക്രീൻ പുരട്ടാതെ പുറത്തേക്ക് ഇറങ്ങാറില്ല.

ചർമത്തിന് അനുയോജ്യമായ ഒരു വിറ്റാമിൻ സി സീറം എന്നും ഉപയോഗിക്കുന്നു. ഡെർമറ്റോളജിസ്റ്റിനോട് ഉപദേശപ്രകാരമാണ് ഇത് എങ്ങനെ, എത്ര അളവിൽ ഉപയോഗിക്കണം എന്നു തീരുമാനിച്ചത്.

ചർമം കൃത്യമായി മോയ്സ്ച്യുറൈസ് ചെയ്യുന്നത്, പാടുകൾ വേഗം മാറാൻ സഹായിക്കും. മോയിസ്ച്യുറൈസർ പുരട്ടുന്നതിനൊപ്പം കഴുത്ത്‌, കണ്ണുകൾ എന്നിവിടങ്ങളിൽ മൃദുവായി മസാജും ചെയ്യുന്നു.

ഒന്നോ രണ്ടോ തവണയിൽ കൂടുതൽ മുഖം കഴുകാറില്ല. ഇടയ്ക്കിടെ മുഖവും ചുണ്ടും എക്സ്ഫോളിയേറ്റ് ചെയ്യുന്നു.മുഖക്കുരു ഉള്ളവർ മുഖം ശക്തിയായി കഴുകുന്നത് ഒഴിവാക്കണം. ചർമ പരിചരണം ഗൗരവമായി എടുത്തശേഷമാണ് മുഖക്കുരു ഇല്ലാതായതെന്നു രശ്മിക പറയുന്നു.

ചർമത്തിൽ പുതിയതായി എന്തു പരീക്ഷിക്കുന്നതിനു മുൻപും ഒരു ത്വക്ക്‌രോഗ വിദഗ്ധന്റെ അഭിപ്രായം തേടുന്നത് അനിവാര്യമാണെന്നും താരം പറയുന്നു.

Share this story