രജനിയും ബച്ചനും ഫഹദും ഒന്നിക്കുന്ന 'വേട്ടയൻ' ; ഒക്ടോബറിൽ തിയേറ്ററുകളിലേക്ക്

vettayan

സൂപ്പർസ്റ്റാർ രജനികാന്തും  ഫഹദും ഒന്നിക്കുന്ന 'വേട്ടയൻ' 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രജനികാന്തിന്റെ 170-ാമത് ചിത്രമാണിത് .ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങൾ. 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സം​ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്.

തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരംണം. സൂപ്പർസ്റ്റാറിനെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന വിധത്തിൽ രജനികാന്തിനെ ചിത്രത്തിൽ അവതരിപ്പിക്കുമെന്ന് ജ്ഞാനവേൽ വാഗ്ദാനം ചെയ്യുന്നതിനാൽ 'വേട്ടയൻ' വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

Tags