അറസ്റ്റ് ചെയ്‌തെന്ന വാർത്ത ; പ്രതികരണവുമായി ഗായകൻ റാഹത് ഫത്തേ അലി ഖാൻ
ദുബായ്: പാക് ഗായകന്‍ റാഹത് ഫത്തേ അലി ഖാനെ ദുബായില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വാര്‍ത്ത ‘വ്യാജം’ എന്ന് വിശേഷിപ്പിച്ച് ഗായകന്‍ തന്നെ രംഗത്ത് എത്തി. മുന്‍ മാനേജര്‍ സല്‍മാന്‍ അഹമ്മദിന്റെ പരാതിയില്‍ ഗായകനെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്ഥാനിലെ ജിയോ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റാഹത്ത് ഫത്തേ അലി ഖാന്‍ പറഞ്ഞു.
റാഹത്തിന്റെ മുന്‍ മാനേജര്‍ അദ്ദേഹത്തിനെതിരെ ദുബായ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. തര്‍ക്കത്തെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റാഹത്ത് അഹമ്മദിനെ പിരിച്ചുവിട്ടിരുന്നു.
ഇതിന് പിന്നാലെ റാഹത്തും അഹമ്മദും പരസ്പരം കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. വീഡിയോയില്‍ ”ഞാന്‍ പാട്ടുകള്‍ റെക്കോര്‍ഡുചെയ്യാന്‍ ദുബായിലാണ്. എന്റെ പാട്ടുകള്‍ എല്ലാം നന്നായി തന്നെ റെക്കോഡ് ചെയ്തു. വ്യാജ വാര്‍ത്തകള്‍ ശ്രദ്ധിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രേക്ഷകരാണ് എന്റെ ശക്തി.” എന്നാണ് റാഹത് ഫത്തേ അലി ഖാന്‍ പറയുന്നത്.
ഈ വര്‍ഷം ആദ്യം റാഹത് ഫത്തേ അലി ഖാന്‍ മറ്റൊരു വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഒരു വൈറല്‍ വീഡിയോയില്‍ തന്റെ ശിഷ്യനാണെന്ന് അവകാശപ്പെട്ട ഒരാളെ ഷൂ ഉപയോഗിച്ച് ക്രൂരമായി ഗായകന്‍ മര്‍ദ്ദിക്കുന്നതായി കാണപ്പെട്ടിരുന്നു.
അടികൊള്ളുന്നയാളെ രക്ഷിക്കാന്‍ ചിലര്‍ റാഹത് ഫത്തേ അലി ഖാനെ പിടിച്ചുമാറ്റാന്‍ നോക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതേ ശിഷ്യനൊപ്പം വീഡിയോ ചെയ്ത് പ്രശ്‌നം പരിഹരിച്ചെന്ന് റാഹത് ഫത്തേ അലി ഖാന്‍ പറഞ്ഞു.