'വിമാനം വൈകി,പൂട്ടിയിട്ടു': വിമാനതാവളത്തില്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി രാധിക ആപ്‌തെ

google news
radhika

വിമാനം വൈകിയതിനെത്തുടര്‍ന്ന് തന്നെയും മറ്റ് സഹയാത്രികരെയും എയ്‌റോബ്രിഡ്ജിനുള്ളില്‍ പൂട്ടിയിട്ടെന്ന് ആരോപിച്ച് നടി  രാധിക ആപ്‌തെ.  എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ വഴിയാണ് നടി പങ്കുവച്ചത്. എന്നാല്‍ ഏത് വിമാനത്താവളത്തിലാണ് സംഭവം എന്നോ, ഏത് ഏയര്‍ലെയിന്‍ ആണെന്നോ താരം വെളിപ്പെടുത്തിയില്ല.
ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടായിരുന്നു രാധിക ആപ്തയുടെ പോസ്റ്റ്. വിമാനം വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാരെ എയ്‌റോബ്രിഡ്ജില്‍ കയറ്റിയെന്നും എയര്‍ലൈന്‍സ് ജീവനക്കാര്‍ അവരെ പൂട്ടിയിട്ടെന്നും താരം പറയുന്നു.
'ഇന്ന് രാവിലെ എനിക്ക് 8:30 ന് ഫ്‌ലൈറ്റ് ഉണ്ടായിരുന്നു. ഇപ്പോള്‍ 10:50 ആയി, ഫ്‌ലൈറ്റില്‍ ഇതുവരെ കയറിയില്ല. പക്ഷേ ഞങ്ങളെ ഇപ്പോ കയറ്റുമെന്നാണ് പറയുന്നത്. എല്ലാ യാത്രക്കാരെയും എയ്‌റോബ്രിഡ്ജില്‍ കയറ്റി, അത് ലോക്ക് ചെയ്തു' രാധിക പോസ്റ്റില്‍ എഴുതുന്നു. 
പൂട്ടിയ ഗ്ലാസ് വാതിലിനു പിന്നില്‍ നിരവധി ആളുകള്‍ നില്‍ക്കുന്നത് രാധിക പങ്കിട്ട വീഡിയോയില്‍ കാണാം. യാത്രക്കാരില്‍ ചിലര്‍ എയ്‌റോബ്രിഡ്ജില്‍ സുരക്ഷാ ജീവനക്കാരുമായി സംസാരിക്കുന്നതും കാണാം. ഒരു മണിക്കൂര്‍ കൂടി ഇത്തരത്തില്‍ നില്‍ക്കേണ്ടി വരുമെന്നാണ് എയര്‍ലെയ്ന്‍ അറിയിച്ചത് എന്നും. കയ്യില്‍ കുടിവെള്ളം പോലും ഇല്ലെന്നും രാധിക പോസ്റ്റില്‍ പറയുന്നുണ്ട്.
ക്രൂ മാറുന്നതിന്റെ ഭാഗമാണ് ഫ്‌ലൈറ്റ് താമസിക്കുന്നത് എന്നാണ് അറിയുന്നത്. മാറിയ ക്രൂ ഇതുവരെ എത്തിയില്ല. അവര്‍ എപ്പോ എത്തും എന്നും എയര്‍ലെനുകാര്‍ക്ക് അറിയില്ല. പക്ഷെ യാത്രക്കാരെ വഴി മധ്യത്തില്‍ പൂട്ടിയിട്ടിരിക്കുകയാണ്. പുറത്തുള്ള ഒരു സ്ത്രീ സ്റ്റാഫ് ഒരു പ്രശ്‌നവും ഇല്ല, താമസിക്കില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെന്നും രാധിക പറയുന്നു. 
കത്രീന കൈഫും വിജയ് സേതുപതിയും അഭിനയിച്ച 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ് രാധിക ആപ്‌തെ അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രാധിക എത്തിയത്. 

Tags