ഇത്തവണ സാമന്ത അല്ല; 'പുഷ്പ രാജി'നൊപ്പം ഡാന്‍സ് ചെയ്യാന്‍ മലൈക അറോറ
Malaika Aroraതെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പയിലെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു 'ഉ അണ്ടവാ'എന്ന ഗാനം. സാമന്ത തകര്‍ത്താടിയ ഗാനം തിയറ്ററുകളില്‍ വന്നപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. രണ്ടാം ഭാഗത്തിലും ഇത്തരമൊരു ഡാന്‍സ് നമ്പര്‍ ഉണ്ടാകുമെന്നും എന്നാല്‍ ഇത്തവണ സാമന്ത അല്ല ഡാന്‍സ് ചെയ്യുകയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

സാമന്തയ്ക്ക് പകരം ബോളിവുഡ് നടി മലൈക അറോറയായിരിക്കും ചിത്രത്തില്‍ എത്തുകയെന്നാണ് തെന്നിന്ത്യന്‍ സിനിമാ മാധ്യമങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ 'ചയ്യ ചയ്യ', സല്‍മാന്‍ ഖാന്റെ 'മുന്നി ബദ്നാമുഹൂയി', തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ തകര്‍ത്താടിയ താരം കൂടിയാണ് മലൈക. 


അതേസമയം പുഷ്പ 2ന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 22ന് ആരംഭിച്ചിരുന്നു. പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. 


ചിത്രത്തില്‍ നടന്‍ വിജയ് സേതുപതിയും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. പുഷ്പ സംവിധായകന്‍ സുകുമാറിന്റെ അടുത്ത സുഹൃത്താണ് വിജയ് സേതുപതി. പുഷ്പ ആദ്യ ഭാഗത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുകുമാര്‍ സേതുപതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവധ കാരണങ്ങളാല്‍ അത് നടക്കാതെ പോയിരുന്നു. 

Share this story