പുഷ്പ 2 ; കേരളത്തിലെ വിതരണാവകാശം കരസ്ഥമാക്കി ഇ 4 എന്റര്‍ടൈന്‍മെന്റ്‌സ്

google news
pushpa

പുഷ്പ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ കേരളത്തിലെ വിതരണാവകാശം കരസ്ഥമാക്കി ഇ 4 എന്റര്‍ടൈന്‍മെന്റ്‌സ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിക്കൊടുത്തിരുന്നു. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ചുകൊണ്ടാണ് ആദ്യഭാഗം അവസാനിച്ചത്.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഛായാഗ്രാഹകന്‍: മിറെസ്ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, നൃത്തസംവിധാനം: പ്രേം രക്ഷിത്, വിജയ് പോളാക്കി, സൃഷ്ടി വര്‍മ, പ്രൊഡക്ഷന്‍ ഡിസൈന്‍: എസ് രാമകൃഷ്ണ, എന്‍ മോണിക്ക, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Tags