സൂര്യ അതിഗംഭീര നടൻ; അദ്ദേഹത്തിനൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനാ​ഗ്രഹമുണ്ട്; പൃഥ്വിരാജ്

surya prithviraj

നടനായും സംവിധായകനായും കഴിവ് തെളിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ തനിക്ക് സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഈ മാസം 28-ന് റിലീസ് ചെയ്യാനിരിക്കുന്ന ആടുജീവിതത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ​ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം പറഞ്ഞത്.

അഭിമുഖത്തില്‍ തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ജോണറാകും നല്‍കുക എന്ന ചോദ്യത്തിന് മറുപടിയായാണ് താരം സംസാരിച്ചത്. രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രമായിരിക്കും ചെയ്യുക. ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ അദ്ദേഹത്തെ നായകനാക്കാൻ ആ​ഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

കമൽ സാറാണ് നായകനെങ്കിൽ അതൊരു ഡ്രാമാ ചിത്രമായിരിക്കും. വിജയ് മുഖ്യവേഷത്തിൽവരുന്ന ഡാർക്ക് റിയൽ ആക്ഷൻ ത്രില്ലർ ചെയ്യാൻ താത്പര്യമുണ്ട്. അദ്ദേഹം ആക്ഷൻ സിനിമകൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ആ ലൈനിലൊന്നും പെടാത്ത സിനിമയായിരിക്കും അത്. 

സൂര്യയെ വെച്ച് ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തിന് അദ്ദേഹത്തെ വെച്ച് റൊമാന്റിക് സിനിമ ചെയ്യാനാണ് ആഗ്രഹം എന്നായിരുന്നു മറുപടി. എന്നെ സംബന്ധിച്ച് സൂര്യ എന്ന നടന്‍ ഇന്ത്യയില്‍ തന്നെ വളരെ ഭംഗിയായി റൊമാന്‍സ് ചെയ്യാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ്. ഒരു മെച്വര്‍ ആയ മികച്ച ഒരു ലവ് സ്റ്റോറി സൂര്യയെ വെച്ച് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം എന്നും പൃഥ്വി പറഞ്ഞു.

തമിഴിൽ തനിക്കിഷ്ടപ്പെട്ട ചിത്രങ്ങളേക്കുറിച്ചും പൃഥ്വിരാജ് ഇതേ അഭിമുഖത്തിൽ പറഞ്ഞു. മണിരത്നം ചിത്രങ്ങളിൽ നായകനും ദളപതിയും വളരെയിഷ്ടമാണ്. സംവിധായകരിൽ ലോകേഷ് കനകരാജിനൊപ്പം സമീപഭാവിയിൽ ഒരു ചിത്രം ചെയ്തേക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.