'എമ്പുരാൻ സെറ്റിൽ വെച്ച് അറിഞ്ഞു, ഉടൻ പുറത്താക്കി'; ജൂനിയർ ആർട്ടിസ്റ്റിൻ്റെ ആരോപണത്തിൽ പൃഥ്വിരാജ്

Prithviraj
Prithviraj

ബ്രോ ഡാഡി സിനിമയുടെ സെറ്റില്‍ വെച്ച് അസിസ്റ്റന്‍ഡ് ഡയറക്ടറില്‍ നിന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബലാത്സംഗത്തിനിരയായെന്ന ആരോപണത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്. സംഭവം അറിഞ്ഞത് എമ്പുരാന്‍റെ സെറ്റിലാണെന്നും അറിഞ്ഞയുടന്‍ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ബ്രോ ഡാഡിയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചെന്ന കേസിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

പൊലീസിന് മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദേശിച്ചുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 'മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് ഞാന്‍ അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എമ്പുരാനില്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലായിരുന്നു അത്. ഈ വിവരം അറിഞ്ഞയുടനേ ഇയാളെ ഷൂട്ടിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തി,' പൃഥ്വിരാജ് പറഞ്ഞു.

മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവിതുയുടെ ആരോപണം.  അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. ഹൈദരാബാദില്‍ വെച്ച് 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ ഹൈദരാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അയ്യപ്പനും കോശിയും, ലൂസിഫര്‍, എംപുരാന്‍ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു മന്‍സൂര്‍ റഷീദ്.

Tags