നടന്‍ പൃഥ്വിരാജിനെ പരിചയപ്പെട്ടതിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍
prithvi
ഞാന്‍ റസാഖുമായി പുതിയൊരു സിനിമയുടെ ഡിസ്‌ക്കഷനില്‍ ഇരിക്കുമ്പോള്‍ രഞ്ജിത്ത് എന്നെ ഫോണില്‍ വിളിച്ചിട്ട് ‘ഒരു കഥ വന്നിട്ടുണ്ട്, ഞാന്‍ ഒന്ന് പറയട്ടെ’

‘നന്ദനം’ സിനിമയിലെ ഒരു പാട്ട് ചിത്രീകരിച്ചതിനെ കുറിച്ചും നടന്‍ പൃഥ്വിരാജിനെ പരിചയപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ സിബി മലയില്‍. നന്ദനം ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ രഞ്ജിത്ത് തന്നെ വിളിച്ച് കഥ പറഞ്ഞതും പിന്നീട് പൃഥ്വിരാജിനെ പരിചയപ്പെടുത്തിയതിനെ കുറിച്ചുമാണ് സിബി മലയില്‍ പറയുന്നത്.

ഞാന്‍ റസാഖുമായി പുതിയൊരു സിനിമയുടെ ഡിസ്‌ക്കഷനില്‍ ഇരിക്കുമ്പോള്‍ രഞ്ജിത്ത് എന്നെ ഫോണില്‍ വിളിച്ചിട്ട് ‘ഒരു കഥ വന്നിട്ടുണ്ട്, ഞാന്‍ ഒന്ന് പറയട്ടെ’ എന്ന് ചോദിച്ചു. ഫോണിലൂടെ നന്ദനത്തിന്റെ കഥ എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ അതിഗംഭീരമായ കഥയാണല്ലോ ഭയങ്കര ചിന്തയാണല്ലോ രഞ്ജിത്ത് എന്ന് ഞാന്‍ പറഞ്ഞു.

ആരാ അഭിനയിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ‘പുതിയ ആള്‍ക്കാരെ വേണം’ എന്ന് പറഞ്ഞു. ‘ചേട്ടന്റെ സിനിമയില്‍ അഭിനയിച്ച നവ്യ’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു അവര് നന്നായിട്ട് ചെയ്യുമെന്ന്. ഇഷ്ടം സിനിമ കഴിഞ്ഞ സമയമായിരുന്നു. പയ്യനെ കിട്ടിയിട്ടില്ല നോക്കുന്നു എന്നാണ് പറഞ്ഞത്.

ഒരു ദിവസം പുള്ളി ഒരു ചെറുപ്പക്കാരനായിട്ട് എന്റെ റൂമിലേക്ക് കയറി വന്നു. ‘ഇതാണ് എന്റെ പടത്തിലെ ഹീറോ, പൃഥ്വിരാജ്, സുകുവേട്ടന്റെ മോനാണ്’ എന്ന് പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. പിന്നീട് ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നോട് ഒരു പാട്ട് ചിത്രീകരിച്ച് തരാമോയെന്ന് രഞ്ജിത്ത് ചോദിച്ചു.

അങ്ങനെ ‘കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍’ എന്ന പാട്ട് ചിത്രീകരിച്ചതും താന്‍ ആണെന്നും സിബി മലയില്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Share this story