സ്ക്രിപ്റ്റ് വായിച്ച് അഭിനയിക്കുന്ന സാധാരണ രീതിയല്ല അവരുടേത്; ഒരുപാട് കാര്യങ്ങൾ പഠിച്ചു; യൂട്യൂബേഴ്സിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പൃഥ്വിരാജ്
ഗുരുവായൂരമ്പല നടയില്‍ സിനിമയിൽ സോഷ്യല്‍ മീഡിയയിലെ കോണ്ടന്റ് ക്രിയേറ്റേഴ്സിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെ കുറിച്ച് മനസ്സുതുറന്ന് പൃഥ്വിരാജ്. പുതിയ ജനറേഷനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്നും ഒരുപാട് കാര്യങ്ങൾ അവരിൽ നിന്ന് പഠിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൻറെ വിജയാഘോഷ ചടങ്ങിലായിരുന്നു സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പൃഥ്വി പങ്കുവച്ചത്.
'എനിക്ക് ശേഷം വന്ന ജനറേഷനൊപ്പം ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഇൻസ്റ്റാഗ്രാം റീലിൽ നിന്നാണ് പുതിയ അഭിനേതാക്കളുടെ പ്രകടനം രൂപപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ വർക്ക് സ്പേസിലേക് അവരെ കൊണ്ട് വരുന്നതിന് പകരം ഞങ്ങൾ അങ്ങോട്ട്, അവരിലേക്ക് ചേരുകയാണ് ചെയ്തത്. ഒരു സ്ക്രിപ്റ്റ് വായിച്ച് സീൻ വായിച്ച് അഭിനയിക്കുന്ന സാധാരണ രീതിയല്ല അവരുടേത്. ഒരുപാട് കാര്യങ്ങൾ അവരിൽ നിന്ന് പഠിച്ച സിനിമയാണ് ഗുരുവായൂരമ്പല നടയിൽ,' എന്നും പൃഥ്വിരാജ് പറഞ്ഞു.
'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
പൃഥ്വിരാജ്, നിഖില വിമൽ, ബേസിൽ, അനശ്വര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഇവർക്കൊപ്പം സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളായിരുന്നു ചിത്രത്തിലെത്തിയത്.