വാലന്റൈന്‍സ് ദിനത്തില്‍ ഹൗസ്ഫുള്‍ ഷോകളുമായി പ്രേമം

premam

വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് തുടര്‍ച്ചയായ എട്ട് വര്‍ഷങ്ങളിലേത് പോലെ തന്നെ ഈ വര്‍ഷവും പ്രേമം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്,കര്‍ണാടക എന്നിവിടങ്ങളിലും റിലീസിന് എത്തിയ ചിത്രം ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ഏകദേശം അന്‍പതോളം സ്‌ക്രീനുകളിലാണ് ചിത്രം റീറിലീസ് ചെയ്തിരിക്കുന്നത്. 2015ല്‍ തീയറ്ററുകളില്‍ എത്തിയ പ്രേമം മലയാള സിനിമാ ചരിത്രത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ഒരു ചിത്രമായിരുന്നു. കോടികള്‍ വാരിക്കൂട്ടിയ ചിത്രം യുവാക്കള്‍ക്കിടയില്‍ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ച് കള്‍ട്ട് ക്ലാസ്സിക് പദവി നേടിയെടുത്തിട്ടുണ്ട്.

നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ കൗമാരം മുതല്‍ മുന്നോട്ടുള്ള ജീവിതവും ഓരോ കാലഘട്ടത്തിലും വന്നു ചേരുന്ന പ്രണയത്തിന്റെ മനോഹര കാഴ്ചകളുമാണ് ചിത്രം. ജോര്‍ജിന്റെ കൗമാരവും കോളജ് ലൈഫും പിന്നീട് വരുന്ന കാലഘട്ടവുമെല്ലാം ഏറെ തന്മയത്വത്തോടെയും പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ അവതരിപ്പിച്ചതിലൂടെ നിവിന്‍ പോളി എന്ന നടനെ മിനുക്കി എടുത്ത സിനിമ കൂടിയാണ് പ്രേമം. മലര്‍ മിസ്സായി എത്തിയ സായ് പല്ലവി ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. പ്രേക്ഷകര്‍ക്ക് ഇമോഷണലായിട്ടുള്ള ഒരു അടുപ്പം കൊണ്ടുവരുവാന്‍ മലര്‍ മിസ്സിന്റെ റോള്‍ വഹിച്ച പങ്ക് ചെറുതല്ല. ആദ്യപ്രണയത്തിന്റെ നഷ്ടവും വിരഹവും പിന്നെയും വരുന്ന അവസരങ്ങളുമെല്ലാം പറഞ്ഞ സാര്‍വ്വത്രിക സ്വീകാര്യതയുള്ള വിഷയമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്നതും ഏറെ ശ്രദ്ധാവഹമാണ്. പ്രേമം വീണ്ടും തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പലര്‍ക്കും ഈ ചിത്രം ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ അവസരങ്ങള്‍ ഒരുക്കുകയാണ്.

Tags