റീനുവും സച്ചിനും ഇനി തമിഴ് പറയും; പ്രേമലുവിന്റെ തമിഴ് മൊഴിമാറ്റ അവകാശം സ്വന്തമാക്കി റെഡ് ജെയ്ൻ്റ്

premalu 1

ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ് പ്രേമലു. മലയാളത്തിന് പുറമെ തെലുങ്കിലും ചിത്രം റിലീസ് ​ചെയ്തതോടെ നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് ദിനം പ്രതി രംഗത്തെത്തുന്നത്. ഇപ്പോഴിതാ തമിഴിലും റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇക്കാര്യം നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. മാർച്ച് 15ന് പ്രേമലുവിന്റെ ഡബ്ബിം​ഗ് പതിപ്പ് റിലീസ് ചെയ്യും. 

നടനും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള തമികത്തിലെ പ്രമുഖ വിതരണക്കാരായ റെഡ് ജെയ്ൻ്റ് മൂവീസ് ആണ് പ്രേമലു തമിഴ്നാട്ടിൽ എത്തിക്കുന്നത്. വിനയ്താണ്ടി വരുവായാ, മങ്കാത്ത, അണ്ണാത്തെ, രാധേ ശ്യം, വിക്രം, പൊന്നിയിൻ സെൽവൻ 1,2, വാരിസ്, തുനിവ് തുടങ്ങി വമ്പൻ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചവരാണ് റെഡ് ജെയ്ന്റ് മൂവീസ്. അൽഫോൺസ് പുത്രന്റെ നേരത്തിന് ശേഷം ഇവർ വിതരണത്തിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാണ് പ്രേമലു. 

ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെൻ, മമത ബൈജു എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിർമിമച്ചിരിക്കുന്നത്.  ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.