'പ്രേമലു'വിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

google news
premalu ott

നസ്ലിൻ, മമിത ബെെജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'പ്രേമലു'വിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 12-ന് ചിത്രം ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെയാണ് റിലീസിനെക്കുറിച്ച് അറിയിച്ചത്.

ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തിയത്. ചിത്രം ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലുവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഡി.എം.കെ നേതാവും അഭിനേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കൽ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. 

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പ്രേമലു'. 

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.