കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ താന്‍ വേട്ടയാടപ്പെടുകയാണ് ; നടി പ്രവീണ

praveena

കൊച്ചി: കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചിട്ടും കുറ്റകൃത്യം ഇയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണെന്നും പ്രവീണ പറഞ്ഞു. തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി.

‘എന്റെയും എന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോ എടുത്ത് അതില്‍ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്’, എന്ന് പ്രവീണ പറയുന്നു. തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ഈ കുറ്റകൃത്യത്തിന് പിന്നില്‍. ദില്ലിയില്‍ സ്ഥിരതാമസമായ ഇയാളെ ഒരു തവണ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശേഷവും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഇതുതന്നെ ഇയാള്‍ ആവര്‍ത്തിക്കുക ആണെന്നും പ്രവീണ പറയുന്നു.

പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തില്‍ ഇയാള്‍ ദുരുപയോഗം ചെയ്തു. മോളുടെ ഇന്‍സ്റ്റയില്‍ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്യും. അധ്യാപകരെ വച്ച് മോശമായ രീതിയില്‍ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടൂം. എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിക്കുന്നു. ‘സൈബര്‍ സെല്ലില്‍ ഞാന്‍ ഒരുപാട് തവണ കയറി ഇറങ്ങി. ആറ് വര്‍ഷത്തോളമായി ഇങ്ങനെ. ഈ കുറ്റകൃത്യം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുയാണെ’ന്നും പ്രവീണ പറഞ്ഞു.

Tags