ഭയപ്പെടുത്താന്‍ പ്രഭാസ് എത്തുന്നു: രാജാസാബിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത ലുക്കിൽ പ്രഭാസ്. നടന്റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ‘രാജാസാബ്’ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കിൽ പ്രഭാസ് പോസ്റ്ററിലുള്ളത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്കാണ് പോസ്റ്ററിന്‍റെ പ്രധാന ആകർഷണം. മാരുതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷമാണ് മാരുതി രാജാ സാബ് ഒരുക്കുന്നത്. പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് സിനിമയുടെ അണിയപ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. ആ ഗംഭീര സർപ്രൈസുമായി എത്തിയിരിക്കുന്ന പുതിയ മോഷൻ പോസ്റ്റർ ആഘോഷപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘ഹാപ്പി ബെർത്ത്ഡേ റിബൽ സാബ്’ എന്നെഴുതിയാണ് പ്രഭാസിന് സിനിമയുടെ അണിയറപ്രവർത്തകർ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയുടെ ഛായാഗ്രഹണം. 2025 ഏപ്രില്‍ 10 നാണ് സിനിമ റിലീസ് ചെയ്യുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.