നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

PoonamPandey

നടിയും മോ‍ഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസായിരുന്നു. ഫെബ്രുവരി ഒന്നിനാണ് സെർവിക്കൽ കാൻസറിനെ തുടർന്ന് നടി മരിച്ചതെന്ന് അവരുടെ ടീം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.”- എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യം. നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരാണ് മാതാപിതാക്കള്‍. മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി.

2013ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു പൂനം പാണ്ഡേയുടെ അരങ്ങേറ്റം. അദാലത്ത്, ലൗ ഈസ് പോയിസണ്‍, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ പൂനം അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്തി നേടുന്നത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പൂനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബി.സി.സി.ഐ.യില്‍ നിന്നുമുണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് പൂനം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. 2012-ലെ ഐ.പി.എല്‍. 5-ആം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോള്‍ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിരുന്നു.

Tags