ഇനി ഫോൺ പേയിൽ പണമിടപാട് നടത്തിയ വിവരം അറിയിക്കാൻ മമ്മൂക്കയും..

phone pe

ഇനി ഫോൺ പേയിൽ ഉപഭോക്താക്കൾ പണമിടപാട് നടത്തിയ വിവരം  അറിയിക്കുക മമ്മൂട്ടിയടക്കമുള്ള പ്രമുഖ താരങ്ങൾ. സ്മാർട്ട് സ്പീക്കറുകളിൽ ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഫിൻടെക് സ്ഥാപനമായ ഫോൺ പേ. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ പണമിടപാട് നടത്തിയ വിവരം അറിയിക്കുന്നതിനായി താരങ്ങളായ മമ്മൂട്ടി, കിച്ച സുധീപ്, മഹേഷ് ബാബു, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷകളായ മലയാളം, കന്നഡ, തെലുഗു എന്നിവയിൽ ഇത് ലഭ്യമാകും. 

പ്രശസ്തരായ താരങ്ങളുടെ സഹകരണത്തോടെ ആണ് ഉപഭോക്താക്കൾക്കായി ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വ്യാപാരികൾക്കും ഉപയോക്താക്കൾക്കുമിടയിൽ ഫോൺ പേ സ്മാർട്ട് സ്പീക്കറിൻ്റെ ഉപയോഗം വർദ്ധിക്കുമെന്നാണ് ഫോൺ പേ അധികൃതർ കരുതുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നടൻ അമിതാഭ് ബച്ചൻറെ ശബ്ദം ഫോണ്‍പേയുടെ സ്മാര്‍ട്ട് വോയിസില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. 

നിലവിലെ പുതിയ ഫീച്ചറിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സെലിബ്രിറ്റി ശബ്ദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇടപാടുകൾ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . വ്യാപാരികൾക്ക് പണമിടപാട് നടത്തുന്നതിനായി സ്മാര്‍ട്ട് സ്പീക്കറുകൾ (Smart Speaker ) ഒരു വർഷം മുൻപാണ് ഇവര്‍ പുറത്തിറക്കിയത് .

“3.8 കോടിയിലധികം വ്യാപാരികൾ ഞങ്ങളുടെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു, അതിനാൽ പണമിടപാടുകൾ നടത്തുമ്പോൾ ഓരോരുത്തർക്കും അവരുടേതായ ഭാഷ ആവശ്യമാണ് “ എന്നായിരുന്നു  ഫോൺപേ ചീഫ് ബിസിനസ് ഓഫീസർ യുവരാജ് സിംഗ് ഷെഖാവത്ത് പ്രതികരിച്ചത്.