ഓസ്കറിൽ പുതിയൊരു അവാർഡുകൂടി ; ഇനി പുരസ്‌കാരം കാസ്റ്റിങ് ഡയറക്ടർക്കും

google news
oscar

ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ഓസ്കറിൽ പുതിയൊരു അവാർഡ് വിഭാഗംകൂടി  അക്കാദമി ഉൾപ്പെടുത്തി. മികച്ച കാസ്റ്റിങ് ഡയറക്ടർക്കുകൂടി 2025 മുതൽ  പുരസ്കാരം സമ്മാനിക്കാൻ ഓസ്കർ ഭരണസമിതി തീരുമാനിച്ചു.

ചലച്ചിത്ര നിർമാണത്തിൽ, അഭിനേതാക്കളെ തിരഞ്ഞെടുക്കുകയും മറ്റും ചെയ്യുന്ന ‘കാസ്റ്റിങ്’ ഏറെ നിർണായകമാണെന്ന് സമിതി വിലയിരുത്തി. 2001ൽ, ആനിമേഷൻ സിനിമ അവാർഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയശേഷം കമ്മിറ്റി പട്ടിക പിന്നീട് പുതുക്കിയിരുന്നില്ല. ഏറെക്കാലമായി ഇതിനായുള്ള നിർദേശങ്ങൾ സമിതിയുടെ മുമ്പാകെയുണ്ടായിരുന്നു.

‘ചലച്ചിത്രനിര്‍മ്മാണത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍മാര്‍ പ്രധാന പങ്കുവഹിക്കുന്നു, അതിനാലാണ് പുതിയ തീരുമാന’മെന്ന് സംഘാടകര്‍ അറിയിച്ചു. ഓസ്‌കര്‍ അവാര്‍ഡുകളില്‍ ‘കാസ്റ്റിങ്’ കൂട്ടി ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ അക്കാദമി സി.ഇ.ഒ ബില്‍ ക്രാമറും പ്രസിഡന്റ് ജാനറ്റ് യാങ്ങും പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 രണ്ട് ദശാബ്ദത്തിലേറെയായി നല്‍കി വരുന്ന ഓസ്‌കര്‍ പ്രതിമയിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2025-ല്‍ പുറത്തിറങ്ങിയ സിനിമകളെ ആദരിക്കുന്ന 98-ാം വാര്‍ഷിക ചടങ്ങിലായിരിക്കും പുതിയ പ്രതിമ ജേതാക്കൾക്ക് നൽകുക.

Tags