'ഒരപേക്ഷ, അഞ്ചക്കളളകോക്കാന്‍ ഒടിടിയില്‍ വന്നിട്ട് തിയേറ്ററില്‍ മിസ്സായല്ലോ എന്ന് പറയരുത്'; നിര്‍മല്‍ പാലാഴി

nirmal

ലുക്മാനെയും ചെമ്പന്‍ വിനോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ചിത്രം അഞ്ചക്കള്ളകോക്കാനെ പ്രശംസിച്ച് നടന്‍ നിര്‍മല്‍ പാലാഴി. 'ഒരു രക്ഷയും ഒരു രക്ഷയും ഇല്ലാത്ത സിനിമ' എന്നാണ് അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചത്. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. എഴുന്നേറ്റ് നിന്ന രോമങ്ങള്‍ താഴും മുന്നേ എഴുതി തുടങ്ങാം എന്ന് കരുതിയാണ് ഫസ്റ്റ് ഹാഫില്‍ തന്നെ റിവ്യൂ നല്‍കുന്നത് എന്നും നടന്‍ കുറിച്ചു.

തുടക്കം മുതല്‍ ഏറെ ആവേശത്തോടെയാണ് സിനിമ കണ്ടതെന്നും ലുക്മാന്‍, ചെമ്പന്‍ വിനോദ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരുടെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. 'ഈ സിനിമ തിയേറ്ററില്‍ പോയി കാണാതെ, ഒടിടിയിലോ ടിവിയിലോ വന്ന ശേഷം അയ്യോ സൂപ്പര്‍ പടം തിയേറ്ററില്‍ മിസ്സ് ആയല്ലോ' എന്ന് പറയരുതെന്നും നിര്‍മല്‍ പാലാഴി അഭ്യര്‍ത്ഥിച്ചു. സിനിമയില്‍ ഗില്ലാപ്പികള്‍ എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച മെറിന്‍, പ്രവീണ്‍ എന്നിവരുടെ പ്രകടനത്തെയും നിര്‍മല്‍ പാലാഴി പ്രശംസിച്ചു.

1980കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. ലുക്മാനും ചെമ്പന്‍ വിനോദിനും പുറമെ മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി ജെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags