ഇക്കാലത്ത് ആര്‍ക്കും തെറ്റുപറ്റിയാല്‍ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ല ; ലോകേഷ് കനകരാജിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ വിജയ്‌യുടെ പിതാവ്

lokesh

സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ലോകേഷിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിജയ് ചിത്രം ലിയോയ്‌ക്കെതിരെയും സംവിധായകനെതിരെയുമുള്ള വിമര്‍ശനം. ഇക്കാലത്ത് ആര്‍ക്കും തെറ്റുപറ്റിയാല്‍ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ലെന്നും അവര്‍ എപ്പോഴും ശരിയാണെന്ന് ധരിക്കുകയാണ് ചെയ്യുന്നതെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം. ഒരു പ്രശസ്ത സംവിധായകനുമായുള്ള ഫോണ്‍ സംഭാഷണം പങ്കുവെച്ച അദ്ദേഹം സംവിധായകന്റെ പേരോ ലിയോ എന്ന ചിത്രത്തെ കുറിച്ചോ പരാമര്‍ശിച്ചില്ലെങ്കിലും സംഭാഷണം തുടര്‍ന്നപ്പോള്‍ ഇത് ലോകേഷ് കനകരാജാണെന്നും ചിത്രം ലിയോ ആണെന്നും വ്യക്തമായിരുന്നു.


'ഒരു സിനിമയുടെ ആദ്യ കോപ്പി, റിലീസിന് അഞ്ച് ദിവസം മുമ്പ് ഞാന്‍ കണ്ടു. സിനിമയുടെ ആദ്യ പകുതി മികച്ചതാണെന്നും നിങ്ങളില്‍ നിന്ന് സിനിമ എങ്ങനെ നിര്‍മ്മിക്കാമെന്ന് ആളുകള്‍ പഠിക്കണമെന്നും ഞാന്‍ സംവിധായകനെ വിളിച്ച് പറഞ്ഞു. സംവിധായകനും ഞാന്‍ പറയുന്നത് ക്ഷമയോടെ കേട്ടിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലെ പോരായ്മകള്‍ പറഞ്ഞയുടന്‍ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞ് സംവിധായകന്‍ ഉടന്‍ ഫോണ്‍ കട്ട് ചെയ്തു. ആചാരങ്ങളുടെയും യാഗങ്ങളുടെയും മുഴുവന്‍ ഭാഗവും സിനിമയില്‍ ഫലിക്കില്ലെന്ന് സംവിധായകനോട് ഞാന്‍ പറഞ്ഞു, പ്രത്യേകിച്ച് ബലി എന്ന ആശയം. അതും സ്വന്തം മകനെ. പക്ഷേ സംവിധായകന്‍ ഞാന്‍ പറഞ്ഞതു കേട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം സിനിമയെ കുറിച്ച് എല്ലാവര്‍ക്കും ഇതേ പരാതിയായിരുന്നു' എന്ന് എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.

'ഇക്കാലത്ത് ആര്‍ക്കും തെറ്റുപറ്റിയാല്‍ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ല. അവര്‍ എപ്പോഴും താന്‍ ശരിയാണെന്ന് കരുതുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags