ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ
ഭാരവാഹികള്‍ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പറഞ്ഞു
അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസ്സിലാവുന്നില്ലെന്ന് പത്മപ്രിയ പറഞ്ഞു. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നത്.
പവര്‍ ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത് എന്നത് സര്‍ക്കാര്‍ വിശദീകരിക്കണം. അതിനുശേഷം സര്‍ക്കാര്‍ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നതാണ്. അതുമാത്രം പോരെന്ന് പത്മപ്രിയ പറഞ്ഞു.