മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടംപിടിച്ച് കൊച്ചി സ്വദേശിനി നിമ്മി

google news
nimmi

കൊച്ചി : ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ്  ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ്  മിസിസ് ഇന്ത്യ ഫൈനൽ നടക്കുക.

Tags