വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാംപെയ്ൻ; സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകി

family star 1

ഹൈദരാബാദ്: വിജയ് ദേവരകൊണ്ട-മൃണാൾ താക്കൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ഫാമിലി സ്റ്റാർ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം നെഗറ്റീവ് ക്യാംപെയ്ൻ നടക്കുന്നതായി ആരോപണം. ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദർശനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്യാംപെയ്ൻ നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കൾ സൈബർ ക്രൈം സെല്ലിന് പരാതി നൽകി.

നടൻ വിജയ് ദേവരകൊണ്ടയെയും ഫാമിലി സ്റ്റാർ സിനിമയെയും കുറിച്ച് വ്യാജമായ ആശയ പ്രചരണങ്ങളാണ് നടത്തുന്നതെന്നാണ് മാധാപൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് വ്യാജ യൂസർ ഐഡികൾ കണ്ടെത്താൻ പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥർ നിർമ്മാതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം തെലുങ്ക് ചിത്രമായ 'ഗാമി'യുടെ റിലീസിനിടെ നടൻ വിശ്വക് സെൻ സമാനമായ പ്രശ്നം നേരിട്ടിരുന്നു. 2023ൽ ബോക്‌സ് ഓഫീസ് ഹിറ്റായ 'ഹനുമാൻ' എന്ന ചിത്രവും അത്തരം ടാർഗെറ്റഡ് ആക്രമണങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.