മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' ഒക്ടോബറില്‍

google news
monster



മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓക്ടോബറിലാകും ചിത്രം റിലീസ് ചെയ്യുക. 

ട്രേഡ് അനലിസ്റ്റും എന്റര്‍ടെയ്ന്റ്‌മെന്റ് ട്രാക്കറുമായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായി മോണ്‍സ്റ്റര്‍ എത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകള്‍ അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.


അതേസമയം, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് ഒരു മാസം മുന്‍പ് അവസാനിച്ചിരുന്നു. ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടിയാണ് പുറത്തുവരുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 

'വൃഷഭ' പാന്‍ ഇന്ത്യന്‍ ആക്ഷ്ഷന്‍ ചിത്രവും മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമാണ് ഇത്. നന്ദ കിഷോറാണ് സംവിധാനം. അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ആക്ഷനും ഇമോഷണും ചേര്‍ന്ന ഒരു ബഹുഭാഷ ചിത്രമായിരിക്കും ഇത്.
 

Tags