ഫെഫ്കയിലെ സംവിധായക യൂണിറ്റില്‍ മോഹന്‍ലാലിന് അംഗത്വം നൽകി

fefka

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ സംവിധായക യൂണിറ്റില്‍ മോഹന്‍ലാലിന് അംഗത്വം നൽകി. സംവിധായകന്‍ സിബി മലയിലാണ് അംഗത്വം കൈമാറിയത്. നടന്‍ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഫെഫ്കയുടെ ഊഷ്മളമായ സ്വീകരണത്തില്‍ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഈ കുടുംബത്തില്‍ അംഗമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു. 

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മെയ് മാസത്തില്‍ റിലീസിനൊരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് എന്നിവര്‍ക്ക് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം.