തിരുവണ്ണാമല ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ

google news
thiruvannamala

പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. എഴുത്തുകാരനായ ആർ രാമാനന്ദിനു ഒപ്പമാണ് മോഹൻലാൽ തിരുവണ്ണാമലയിലെത്തിയത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ രാമാനന്ദ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടുണ്ട്. 

മലമുകളിൽ നിന്നുള്ള ചിത്രങ്ങളിൽ അരുണാചലേശ്വര ക്ഷേത്രത്തിന്റെ ഗോപുരങ്ങളും പശ്ചാത്തലത്തിൽ കാണാം. മുൻപും, രാമാനന്ദിനൊപ്പം നിരവധി ക്ഷേത്രങ്ങളിൽ മോഹൻലാൽ സന്ദർശനം നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തിൽ ഇരുവരും സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം തിരുപ്പതിയിലെ തിരുമാല ക്ഷേത്രത്തിലും മോഹൻലാൽ സന്ദർശിച്ചിരുന്നു. 

തമിഴ്‌നാട്ടിലെ ശൈവസങ്കല്പങ്ങളിൽ ഉന്നത സ്ഥാനമാണ് തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിന് ഉള്ളത്. പഞ്ചഭൂത ലിംഗങ്ങളിൽ അഗ്നി ലിംഗമാണ് അരുണാചലേശ്വരൻ. കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഭൂമിലിംഗവും, തിരുവാണൈക്കാവൽ ജംബുകേശ്വരർ ക്ഷേത്രത്തിൽ ജലലിംഗവും, ആന്ധ്രാപ്രദേശിലെ കാളഹസ്തിയിൽ വായു ലിംഗവും, ചിദംബരം തില്ലൈ നടരാജർ ക്ഷേത്രത്തിൽ ആകാശ ലിംഗവും തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിൽ അഗ്നിലിംഗവും എന്നാണ് പഞ്ച ഭൂത സ്ഥലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ.