സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹൻലാൽ-ശ്രീകുമാർ മാജിക്

google news
mohanlal new advertisement

കൊച്ചി: മോഹൻലാൽ - വി.എ ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിൽ വീണ്ടും സിനിമയെ വെല്ലുന്ന പരസ്യം .  കഴിഞ്ഞ ദിവസം വി.എ ശ്രീകുമാറിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ട ഒരു ചിത്രമാണ് ആകാംക്ഷയുടെ ആരംഭം. ഒടിയൻ സിനിമയ്ക്കു ശേഷം വി.എ ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷെ അതൊരു പരസ്യചിത്രമാണെന്നു തുടർന്നു വ്യക്തമായി. പരസ്യത്തിന്റെ ടീസർ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ആകാംക്ഷയുടെ രണ്ട് മില്യൺ കാഴ്ചയാണ് ഉയർന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലുമായി രണ്ടു ദിവസം കൊണ്ട് രണ്ടു മില്യണിലേക്ക് ടീസറിന്റെ കാഴ്ച കുതിച്ചു കയറി.

ലോകപ്രശസ്തമായ 'നാർക്കോസ്' സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിന്റെ സംഘത്തെ കമാൻഡോ സംഘം തടയുന്നതും ലേഡി ചീഫിനു മുന്നിലേയ്ക്ക് ഇരു കൈകളും ഉയർത്തി മോഹൻലാൽ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ടു കഴിഞ്ഞു എന്ന് ലേഡി ചീഫ് പറയുന്നു.

ഏതു ബ്രാൻഡിനു വേണ്ടിയുള്ള പരസ്യചിത്രമാണ് ഇതെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംക്ഷ നിലനിർത്തുകയാണ് വി.എ ശ്രീകുമാർ. പിന്നാലെ മോഹൻലാൽ ഫാൻസിന്റെ ആവേശം കൂടുതൽ ഉയർത്തി ഷൂട്ടിംഗിനിടയിലെ ലാലേട്ടന്റെ അതിസുന്ദരമായ ഒരു ചിരിയും ശ്രീകുമാർ പുറത്തുവിട്ടു. എത്രയോ കാലമായി മോഹൻലാൽ ആരാധകർ കാണാൻ കാത്തിരുന്ന ചിരി. സംവിധായകൻ വി.എ ശ്രീകുമാറും മോഹൻലാലും ഒന്നിച്ചുള്ള എന്തോ നേരമ്പോക്കാണ് ക്യാമറയിൽ പതിഞ്ഞത്.

മോഹൻലാലുമൊന്നിച്ച് നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വി.എ ശ്രീകുമാർ മുൻപും സിനിമയെ വെല്ലുന്ന പരസ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുണ്ട്.ഇരുവരും ഒന്നിച്ച പരസ്യ ചിത്രങ്ങൾ മോഹൻലാൽ സിനിമകൾ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരമായിരുന്നു. അതിന്റെ തനിയാവർത്തനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജനുവരി 20ന് ശനിയാഴ്ച മോഹൻലാൽ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം.

Tags