മോഹൻലാൽ ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു; വരുന്നത് 4k യിൽ..

google news
devadhoothan

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു. 2000 തിൽ പുറത്തിറങ്ങിയ ചിത്രം 4 K യിലായിരിക്കും റീ റീലിസ് ചെയ്യുക. സിബി മലയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരിവില്ലിൻ ഗോപുരങ്ങള്‍ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്.

ആരാധകരെ പോലെ ചിത്രം വീണ്ടും കാണാൻ താനും കാത്തിരിക്കുകയാണെനന്നായിരുന്നു സിബി മലയിൽ പറഞ്ഞത്. എന്നാൽ ചിത്രം എന്ന് റീ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം സിനിമയുടെ റീ റിലീസിന്റെ സന്തോഷം നിർമ്മാതാവ് സിയാദ് കോക്കറും പങ്കുവെച്ചു. 

കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമാണ് ദേവദൂതൻ എന്നും ടെലിവിഷനിൽ എപ്പോൾ പ്രദർശിപ്പിച്ചാലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനങ്ങൾ തിയേറ്ററുകളിലേക്ക് ആകർഷിക്കപ്പെടുമോ എന്നതിൽ വ്യക്തതയാകും വരെ സിനിമ വ്യാപകമായി എത്തിക്കാൻ ഒരു പദ്ധതിയുമില്ലെന്നും സിയാദ് കോക്കര്‍ അറിയിച്ചു.

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും ആരാധകർ ഏറെ ആണ്.