നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം: വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ്

misbehave onwards actress aparna balamurali

കൊച്ചി:   അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എറണാകുളം ലോ കോളേജ് പ്രിൻസിപ്പലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇന്ന് തന്നെ ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

ഇന്നലെയാണ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർഥി അപർണയുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചു. എന്താടോ ലോ കോളജ് അല്ലേ എന്ന് അപർണ ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപർണ പിന്നീട് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാർഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. 

Share this story