'തലൈവർ 171': രജനിയുടെ വില്ലനാകാൻ മൈക്ക് മോഹൻ; പ്രധാനവേഷത്തിൽ വിജയ് സേതുപതിയും എത്തും

thalaivar 171

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 171'. ചിത്രത്തിൽ രജനീകാന്തിന് വില്ലനായി നടൻ മൈക്ക് മോഹൻ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുമെന്നും റിപ്പോർട്ടുണ്ട്.

എണ്‍പതുകളില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമായിരുന്നു മോഹന്‍ എന്ന മൈക്ക് മോഹന്‍. പ്രണയ കഥകളിലായിരുന്നു മോഹന്‍ കൂടുതലും അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെ മിക്ക സിനിമകളും അതിമനോഹരമായ പാട്ടുകളുണ്ടായിരുന്നു. എല്ലാ സിനിമകളിലും മൈക്ക് പിടിച്ച് പാട്ടു പാടുമായിരുന്നു മോഹന്‍. മൈക്ക് മോഹന്‍ എന്ന പേരുപോലും അങ്ങനെ വന്നതാണ്. 

ഈ മാസം 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്.