പാതിരാത്രി ; റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നവ്യയും സൗബിനും വേഷമിടും

navya

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാതിരാത്രി'. ചിത്രത്തിന്റെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യ നായരും സൗബിനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നവ്യ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു.

ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'പാതിരാത്രി'യുടേത്. നവ്യ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ നവ്യ നായര്‍ ചിത്രം കൂടിയാണ് 'പാതിരാത്രി'. 

Tags