91-ാം വയസ്സിൽ നാലാം വിവാഹ ബന്ധം അവസാനിപ്പിക്കാൻ മർഡോക്
mardoc

മാധ്യമ മുതലാളി റുപ്പർട്ട് മര്‍ഡോക്കും ഭാര്യയും നടിയുമായ ജെറി ഹാളും വേര്‍പിരിയുന്നു. 91-കാരനായ മര്‍ഡോക്കും 65-കാരിയായ ജെറിയും 2016-ലാണ് വിവാഹിതരായത്. മര്‍ഡോക്കിന്റെ നാലാമത്തെ വിവാഹമായിരുന്നു ഇത്.

ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കളും അമ്പരപ്പോടെയാണ് സ്വീകരിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും ഭാഗ്യവാനും സന്തോഷവാനുമായ മനുഷ്യന്‍ താനാണെന്ന് മര്‍ഡോക് ജെറിയുമായുള്ള വിവാഹത്തിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു. 90-ാം പിറന്നാള്‍ ആഘോഷിച്ചതും ജെറിയോടൊപ്പമായിരുന്നു.

റോക്ക് താരം മൈക്ക് ജാഗറുടെ കാമുകിയായിരുന്നു ജെറി ഹാള്‍. 20 വര്‍ഷം നീണ്ട ബന്ധം 1999-ല്‍ പിരിഞ്ഞു. ഇവര്‍ക്ക് നാല് മക്കളുണ്ട്. പിന്നീട് മര്‍ഡോക്കുമായി പ്രണയത്തിലാകുകയായിരുന്നു.

ഓസ്‌ട്രേലിയയില്‍ ജനിച്ച, യുഎസ് പൗരനായ മര്‍ഡോകിന് ആദ്യ മൂന്നു ഭാര്യമാരിലായി ആറു മക്കളുണ്ട്. പെട്രിഷ്യ ബുക്കര്‍, അന്ന മാന്‍, വെന്‍ഡി ഡെങ്ങ് എന്നിവരായിരുന്നു ആദ്യ ഭാര്യമാര്‍. ഇതില്‍ 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വെന്‍ഡി ഡെങ്ങുമായി വേര്‍പിരിഞ്ഞത്. 2014-ലായിരുന്നു ഇത്. പിന്നീട് രണ്ടു വര്‍ഷത്തിന് ശേഷം മര്‍ഡോക് ജെറി ഹാളിനെ വിവാഹം ചെയ്യുകയും ചെയ്തു.

ഫോക്‌സ് ന്യൂസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, സണ്‍ നെറ്റ് വര്‍ക്ക്, ദ ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ അധിപനാണ് മര്‍ഡോക്. 2018-ല്‍ മൂത്ത മകന്‍ ലച്‌ലനെ തന്റെ പിന്‍ഗാമിയായി നിയമിച്ചു.

Share this story