തെന്നിന്ത്യന്‍ സിനിമകൾ ജനങ്ങളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ മനസ്സിലാക്കണം; മനോജ് ബാജ്‌പേയി

manoj bajpayee

തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മറ്റ് ഇന്‍ഡസ്ട്രികള്‍ മനസ്സിലാക്കണമെന്ന് നടന്‍ മനോജ് ബാജ്‌പേയി. തുടരെ തുടരെ ഇറങ്ങിയ ബോളിവുഡ് സിനിമകള്‍ തീയറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. അതേസമയം മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളാകട്ടെ മികച്ച വിജയം നേടി മുന്നേറുകയും ചെയ്യുന്നു. ഇതിന് കാരണം ജനങ്ങളുമായി ചേർന്ന് നിൽക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

തെന്നിന്ത്യന്‍ സിനിമകള്‍ എങ്ങിനെയാണ് ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതെന്ന് മനസ്സിലാക്കണം. അവിടുത്തെ സംവിധായകര്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ കാണുന്നവരാണ്. പക്ഷേ അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്. അവരുടെ സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു.

തെന്നിന്ത്യന്‍ സിനിമകളുടേതിന് സമാനമായി നമ്മുടെ സിനിമകള്‍ക്ക് പ്രേക്ഷകരുമായി താദാത്മ്യം ചെയ്യാന്‍ സാധിക്കണം. സിനിമയില്‍ എത്ര വലിയ സംഘട്ടന രംഗങ്ങള്‍ ചെയ്താലും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ ഫലമില്ല. അമിതാഭ് ബച്ചനും ശസ്ത്രുഘ്‌നന്‍ സിന്‍ഹയും പഴയ സിനിമകളില്‍ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അവരുടെ സ്ഥാനത്ത് സ്വയം സങ്കല്‍പ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അത് മാറിയിരിക്കുന്നു. സാധാരണ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ സിനിമ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു.