50 കോടി ക്ലബ്ബിലേക്ക് കുതിച്ച് 'മഞ്ഞുമ്മൽ ബോയ്സ്' ! ഒടുവിൽ ഉലകനായകനെ നേരിൽ കണ്ടു... ​​​​​​​

saf

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ഫെബ്രുവരി 22ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏഴ് ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് ബോക്സ് ഓഫീസ് കീഴടക്കി. ആഗോള തലത്തിലാണ് 50 കോടി കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തിത്തിന് പുറമെ തമിഴ്നാട്ടിലും വിജയം കൊയ്ത ചിത്രം പ്രേക്ഷക ഹൃദയങ്ങൾ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതിവേഗം 50 കോടി ക്ലബിൽ ഇടം നേടിയ അഞ്ച് മലയാള സിനിമകളുടെ പട്ടികയിലെക്ക് ഇനി മഞ്ഞുമ്മൽ ബോയ്സിന്റെ പേരും എഴുതി ചേർക്കാം. സ്നേഹത്തിന്റെയും സഹനത്തിന്റെയും വെള്ള കൊടി പറത്തിയ ടീം മഞ്ഞുമ്മൽ ബോയ്സ് ഒടുവിൽ ഉലകനായകൻ കമൽഹാസനെ നേരിൽ കണ്ടു. ചിത്രത്തിൻറെ തമിഴ്നാട്ടിലെ പ്രൊമോഷനിടക്കാണ് ടീം 'മഞ്ഞുമ്മൽ ബോയ്സ്' ഉലകനായകനെ കണ്ടത്.

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മൽ ബോയ്സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ്. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. 'ഗുണ' പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. അതേ ഗുഹ പശ്ചാത്തലമാക്കിയ 'മഞ്ഞുമ്മൽ ബോയ്സ്' കമൽ ഹാസനുള്ള ട്രിബ്യൂട്ടാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണിപ്പോൾ പ്രേക്ഷകരിൽ നിന്നും ഉയരുന്നത്.

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി. ചിദംബരത്തിന്റെ ആദ്യ ചിത്രം 'ജാൻ എ മൻ' സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ബ്ലോക്ക്ബസ്റ്ററടിച്ചു.

ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
 

Tags