കലോത്സവ വേദിയില്‍ കൈയ്യടി നേടി മമ്മൂട്ടിയുടെ വാക്കുകള്‍

mammootty

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ നിറഞ്ഞ കയ്യടി നേടിയാണ് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി മടങ്ങിയത്. യുവത്വത്തിന്റെ കലാമേളയായ കലോത്സവത്തിലേക്ക് തന്നെ ക്ഷണിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ കമന്റ് എടുത്തുപറഞ്ഞായിരുന്നു മമ്മൂട്ടി പ്രസംഗം തുടങ്ങിയത്. എന്നെപ്പോലൊരാള്‍ക്ക് സ്‌കൂള്‍ യുവജനോത്സവത്തില്‍ എന്തുകാര്യം എന്നാണ് സമാപന സമ്മേളനത്തിന് മന്ത്രി ക്ഷണിച്ചപ്പോള്‍ ചിന്തിച്ചതെന്ന് മമ്മൂട്ടി വ്യക്തമാക്കി. നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതെന്നും അദ്ദേഹം വിവരിച്ചു. ഞാനിപ്പോഴും യുവാവാണെന്നാണ് മന്ത്രി കരുതുന്നതെന്ന്. കാഴ്ചയിലേ അങ്ങനെയുള്ളു, എനിക്കു വയസ്സ് പത്തുതൊണ്ണൂറായെന്നും മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞപ്പോള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ കയ്യടിമേളം നിറയുകയായിരുന്നു.

എന്തായാലും വരാമെന്നു തീരുമാനിച്ച് പുതിയ ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ റെഡിയാക്കി വച്ചപ്പോള്‍ ഒരു വിഡിയോ കണ്ടെന്നും അത് പ്രകാരമാണ് മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയതെന്നും മമ്മൂട്ടി വ്യക്തമാക്കി. കലോത്സവ വേദിയില്‍ മമ്മൂട്ടി ഏത് വേഷമിട്ടാകും വരികയെന്നായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാകും എത്തുകയെന്ന മറുപടികള്‍ കണ്ടിട്ടാണ് അതുപോലെ അണിഞ്ഞൊരുങ്ങി വന്നതെന്നും അദ്ദേഹം വിവരിച്ചു. മൈക്കിനു മുന്നില്‍നിന്നും മാറി വേഷം സദസ്സിനെ കാണിക്കുകയും ചെയ്തു മലയാളത്തിന്റെ മെഗാസ്റ്റാര്‍.

യാതൊരു വിവേചനവുമില്ലാതെ പലതരം കലകളുടെ സമ്മേളനമാണു സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്നും ഇതു തുടരണമെന്നും  മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. ജയപരാജയങ്ങള്‍ ഒരിക്കലും കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണെന്നും അദ്ദേഹം വിവരിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയാണ് ഉയര്‍ന്നത്.

Tags