മലയാള ബോക്സോഫീസ് കീഴടക്കാൻ ചന്തുവും നീലകണ്ഠനും നാഗവല്ലിയും വീണ്ടുമെത്തുന്നു

google news
re release

മലയാള ബോക്സോഫീസ് കീഴടക്കാൻ ഹിറ്റ് സിനിമകൾ വീണ്ടും റീ റിലീസിന് ഒരുങ്ങുന്നു .പുഴമുറിച്ച് കുതിരപ്പുറത്തുവരുന്ന ചന്തുവും  മുണ്ടുമടക്കിക്കുത്തി മീശപിരിക്കുന്ന മംഗലശ്ശേരി നീലകണ്ഠനും  മാടമ്പള്ളിമനയുടെ തെക്കിനിത്താഴുതുറന്ന നാഗവല്ലിയും  ‘ഫോർ കെ’ ദൃശ്യമായി  വീണ്ടുമെത്തുന്നു .

‘ഒരു വടക്കൻ വീരഗാഥ’യും ‘മണിച്ചിത്രത്താഴും’ ‘ദേവാസുരവും’ ‘ആറാംതമ്പുരാനും’ ‘ദേവദൂതനു’മെല്ലാമുൾപ്പെടെ പത്തോളം സിനിമകളാണ്   പുതിയകാലത്തിന്റെ മിഴിവോടെയും മികവോടെയും തിയേറ്ററുകളിലേക്ക് എത്തുന്നത് .

എസ്.ക്യൂബ് ഫിലിംസാണ് മലയാള സിനിമയിലെ ഇതിഹാസമായ ‘ഒരു വടക്കൻ വീരഗാഥ’ 35 വർഷത്തിനുശേഷം വീണ്ടും പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഇതിനുള്ള പ്രാഥമികജോലികൾ പൂർത്തിയായി. പുറത്തിറങ്ങി 31 വർഷമായിട്ടും പുതുമ നഷ്ടപ്പെടാത്ത ‘മണിച്ചിത്രത്താഴ്’ പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചുള്ള റീമാസ്റ്ററിങ് ജോലികൾ പൂർത്തിയാക്കി ഫസ്റ്റ്‌കോപ്പിയായിട്ടുണ്ട്. ജൂലായ് 12-ലോ ഓഗസ്റ്റ് 17-നോ ചിത്രം റിലീസ് ചെയ്യും. 

ചിത്രത്തിന്റെ ഓവർസീസ് അവകാശത്തിനായി ചില വലിയ കമ്പനികളുമായി ചർച്ചകൾ നടക്കുന്നെന്ന് റീമാസ്റ്ററിങ്ങിന് നേതൃത്വംനൽകിയ മാറ്റിനി നൗവിന്റെ ഉടമ ഡി. സോമൻപിള്ള പറഞ്ഞു. മാറ്റിനിനൗവും സംവിധായകൻ ഫാസിലും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ‘മണിച്ചിത്രത്താഴ്’ വീണ്ടും പുറത്തിറക്കുക. റീ-റിലീസിന് തയ്യാറെടുക്കുന്ന ‘കാലാപാനി’, ‘വല്യേട്ടൻ’, ‘ദേവാസുരം’, ‘ആറാംതമ്പുരാൻ’ ‘1921’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. 

മോഹൻലാൽ നായകനായി 2000-ൽ പുറത്തിറങ്ങിയ ‘ദേവദൂതൻ’ വീണ്ടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഫോർ കെ എഡിറ്റിങ്ങും ഡി.ഐ. ജോലികളും കഴിഞ്ഞു. ചിത്രം രണ്ടുമൂന്നു മാസത്തിനുള്ളിൽ തിയേറ്ററുകളിലെത്തിക്കാനുദ്ദേശിക്കുന്നതെന്ന് നിർമാതാവ് സിയാദ് കോക്കർ പറഞ്ഞു.

രഞ്ജിത് ഒരുക്കിയ ‘പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ പതിനഞ്ചുവർഷത്തിനുശേഷം റീ റിലീസ് ചെയ്യാനുള്ള പ്രാഥമികജോലികളിലാണ് നിർമാതാവ് മഹാസുബൈർ. ‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നതിനുള്ള ആലോചനയുണ്ടെന്ന് നിർമാതാവ് കിരീടം ഉണ്ണിയും പറയുന്നു. സാങ്കേതികമേന്മവരുത്തി വീണ്ടും തിയേറ്ററുകളിലെത്തിയ ‘സ്ഫടിക’ത്തിന്റെ വിജയമാണ് പല നിർമാതാക്കളെയും റീ-റിലീസിന് പ്രേരിപ്പിച്ചത്.

Tags