മാള അരവിന്ദനെ അനുസ്മരിക്കാന്‍ സിനിമാമേഖലയില്‍നിന്ന് ആളില്ല; താരങ്ങൾ ഒഴിഞ്ഞുമാറുന്നു; 'അമ്മ'യ്ക്ക് കത്ത് നല്‍കി മാള അരവിന്ദന്‍ ഫൗണ്ടേഷന്‍

mala aravindan

മാള: അറുനൂറോളം മലയാളസിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്  മാള അരവിന്ദൻ. വിടപറഞ്ഞിട്ട്  9 വർഷങ്ങൾ പിന്നിടുമ്പോഴും മാള അരവിന്ദന് ഒരു സ്മാരകമൊരുക്കാൻ പോലും പഞ്ചായത്തും സർക്കാരും ഇതുവരെ തയ്യാറായിട്ടില്ല. ചരമവാർഷിക ദിനത്തിലെ അനുസ്മരണംപോലും വെറും ചടങ്ങായി മാറുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. അനുസ്മരണ പരിപാടിയിൽ സിനിമാമേഖലയില്‍നിന്ന് ആരും പങ്കെടുക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ ഒരു തീരുമാനമെടുക്കണം എന്നും മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച്‌ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് അഭിനേതാക്കളുടെ സംഘടനാഭാരവാഹികള്‍ക്ക് കത്ത് നല്‍കി. മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവര്‍ക്കാണ് കത്തയച്ചത്.

മാള അരവിന്ദന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങിലേക്ക് കഴിഞ്ഞ എട്ടുവര്‍ഷവും സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിക്കുന്നതിനായി പ്രയാസപ്പെടുകയായിരുന്നുവെന്നും ഇത്തവണ ആരും തയ്യാറായില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയില്‍ നടത്താറുള്ള അനുസ്മരണച്ചടങ്ങ് ഈ വര്‍ഷം നടത്താനായില്ല. ദേവന്‍, നാദിര്‍ഷാ, ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ മാളയുടെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളത് എന്നും കത്തിൽ പറയുന്നു.

മാള അരവിന്ദന്റെ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്ന അവസ്ഥയുണ്ട്. സഹപ്രവര്‍ത്തകരുടെ അനുസ്മരണച്ചടങ്ങുകളില്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്ന നിര്‍ദേശം സംഘടന മുന്നോട്ടുവയ്ക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.