‘സ്വന്തം ലാഭമാണ് എന്റെ പ്രശ്‌നമെന്ന് മടിയില്ലാതെ പറയുന്നവര്‍ക്കിടയില്‍’; ഹൃദയം ടീമിന് അഭിനന്ദനം
‘സ്വന്തം ലാഭമാണ് എന്റെ പ്രശ്‌നമെന്ന് മടിയില്ലാതെ പറയുന്നവര്‍ക്കിടയില്‍’; ഹൃദയം ടീമിന് അഭിനന്ദനം

കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെറുതും വലുതുമായ നിരവധി സിനിമകള്‍ നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതികള്‍ മാറ്റിയിരുന്നു. എന്നാല്‍ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയില്‍ തന്നെ ചിത്രം എത്തിക്കാനായിരുന്നു ‘ഹൃദയം’ നിര്‍മ്മാതാക്കളായ മെറിലാന്‍ഡ് സിനിമാസിന്റെ തീരുമാനം. ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ തുടരുമ്പോള്‍ ആ തീരുമാനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം പദ്മകുമാര്‍.

‘ഹൃദയം’ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി എം പദ്മകുമാര്‍

നിറഞ്ഞ സദസ്സില്‍, സന്തോഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇന്നലെ രാത്രി ‘ഹൃദയം’ കണ്ടു. അഭിമാനം തോന്നിയത് ഒരു മലയാള സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ മാത്രമല്ല, വിനീത് ശ്രീനിവാസന്‍ എന്ന അര്‍പ്പണബോധമുള്ള സംവിധായകന്‍ ജോലി ചെയ്യുന്ന മലയാള സിനിമയുടെ ഒരു ചെറിയ ഭാഗമാണല്ലോ ഞാനും എന്നോര്‍ത്തിട്ടാണ്.. പ്രണവ് മോഹന്‍ലാല്‍ എന്ന നടനെ തികഞ്ഞ വ്യക്തിത്വത്തോടെ അവതരിപ്പിച്ച, നിഷ്‌കളങ്ക മനസ്സുകളുടെ നിര്‍വ്യാജമായ സ്‌നേഹം പ്രേക്ഷകനെ അനുഭവിപ്പിച്ച സിനിമയാണ് ‘ഹൃദയം’.. പക്ഷെ അതൊന്നുമല്ല വിനീതിനെ നമ്മുടെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നത്.. ഒരു മഹാമാരി സാമാന്യ ജീവിതങ്ങള്‍ക്കൊപ്പം സിനിമയെയും തകര്‍ത്തു കളഞ്ഞു എന്നു പരിതപിക്കുകയും സ്വന്തം ലാഭമാണ്, സിനിമയോടുള്ള പ്രതിബദ്ധതയല്ല എന്റെ പ്രശ്‌നം’ എന്ന് മടിയില്ലാതെ ഉറക്കെ പറയുകയും ചെയ്യുന്ന സിനിമാ വ്യവസായികള്‍ക്കിടയില്‍ എനിക്ക് എന്റെ പ്രേക്ഷകരും അവരോട് തനിക്കുള്ള കടപ്പാടുമാണ് പ്രധാനം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഇരുള്‍ വീണ കാലത്തും തന്റെ സിനിമയെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആ വലിയ ഹൃദയ’മാണ്.. ഒരുപാടൊരു പാട് നന്ദിയും സ്‌നേഹവും.. പ്രിയപ്പെട്ട വിനീത്, വിശാഖ്, പ്രണവ്, രഞ്ജന്‍, ഹാഷിം, ദര്‍ശന.. അങ്ങനെയങ്ങനെ ‘ഹൃദയ’ത്തിനു മുന്നിലും പിന്നിലും നിന്ന, എനിക്കു നേരിട്ടറിയുന്നതും അറിയാത്തതുമായ എല്ലാ കലാകാരന്മാര്‍ക്കും.. എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കും.. ഞാന്‍ മാത്രമല്ല, ഈ സിനിമ കണ്ട, ഇനിയും കാണാനിരിക്കുന്ന ഓരോ പ്രേക്ഷകനും..

The post ‘സ്വന്തം ലാഭമാണ് എന്റെ പ്രശ്‌നമെന്ന് മടിയില്ലാതെ പറയുന്നവര്‍ക്കിടയില്‍’; ഹൃദയം ടീമിന് അഭിനന്ദനം first appeared on Keralaonlinenews.

Share this story