ആഡംബര വാച്ച് കയ്യിൽ ;നടൻ അർനോൾഡ് വിമാനത്താവളത്തിൽ കുടുങ്ങിയത് മൂന്നു മണിക്കൂർ

arnold

ആഡംബര വാച്ച് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കാരണം . പ്രശസ്ത ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നെ​ഗറിനെ ജർമനിയിലെ മ്യൂണിച്ച് വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂര്‍ അദ്ദേഹം വിമാനത്താവളത്തില്‍ കുടുങ്ങി. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചശേഷമാണ് പുറത്തിറങ്ങിയത്.

കാലിഫോർണിയ മുൻ ഗവർ‌ണർ കൂടിയായ അർനോൾഡിനുവേണ്ടി സ്വിസ് ആഡംബര ബ്രാൻഡായ ഓഡെമാസ് പീ​ഗേ പ്രത്യേകം തയ്യാറാക്കിയ വാച്ചായിരുന്നു അത്. നടന്റെ നേതൃത്വത്തിൽ ഓസ്ട്രിയയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ സംഘടനയുടെ ധനശേഖരണാർത്ഥം ലേലത്തിന് വെയ്ക്കാനാണ് അദ്ദേഹം വാച്ച് കയ്യിൽക്കരുതിയത്. കസ്റ്റംസ് ഓഫിസർമാരുടെ എല്ലാ ചോദ്യങ്ങൾക്കും താരം കൃത്യമായി ഉത്തരം നൽകി. ‌വാച്ചിന് നികുതി അടയ്ക്കാൻ താരം സമ്മതിച്ചു. എന്നാൽ അവിടെയും ഏറെ പ്രതിസന്ധികൾ അർനോൾഡിന് തരണംചെയ്യേണ്ടിവന്നു.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ ശ്രമിച്ചെങ്കിലും മെഷീൻ പ്രവർത്തിച്ചില്ല. ഇതോടെ എടിഎമ്മിൽനിന്ന് പണം പിൻവലിച്ച് തുക അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ ഇത് എടിഎമ്മിൽനിന്നു പിൻവലിക്കാൻ സാധിക്കുന്നതിലും കൂടുതൽവരുന്ന തുകയായിരുന്നതിനാൽ അതിനും സാധിച്ചില്ല. ഇതിനകം ബാങ്കിലെ പ്രവൃത്തി സമയം കഴിഞ്ഞിരുന്നു. തുടർന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പുതിയ ക്രെഡിറ്റ് കാർഡ് മെഷീൻ കൊണ്ടുവന്ന ശേഷമാണ് പണമടച്ച് താരം വിമാനത്താവളത്തിനു പുറത്തു കടന്നത്.

Tags