ലാപതാ ലേഡീസ്, 2025 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

Lapata Ladies
Lapata Ladies

2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി  ലാപതാ ലേഡീസ്.   രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത്, വിക്കി കൗശൽ നായകനായ സാം ബഹാദൂർ എന്നീ ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ ചിത്രമായത്.കിരൺ റാവു ആണ് ചിത്രം  സംവിധാനം ചെയ്തത് .

പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണശൈലിയിലെ പുതുമകൊണ്ടും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാനാണ് സഹനിർമാതാവ്. നിതാൻഷി ​ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം രണ്ട് നവവധുമാരേയും അവരുടെ യാത്രകളെയും കുറിച്ചാണ് പറഞ്ഞത്.

2001-ൽ മധ്യപ്രദേശിൽ നടക്കുന്ന കഥയായാണ് ലാപതാ ലേഡീസ് ചിത്രീകരിച്ചത്. രണ്ട് യുവതികളാണ് മുഖ്യകഥാപാത്രങ്ങള്‍. വിവാഹശേഷം തീവണ്ടിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണിവര്‍. ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു വരന്‍ വധുവിന്റെ കൈപിടിച്ചിറങ്ങുന്നു. വീട്ടിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്. അത് സ്വന്തം വധുവായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
 

Tags