ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി; മിഥുന് വേണ്ടി മൊട്ടയടിച്ച് ലക്ഷ്മി

midhun

നടനായും അവതാരകനായും മലയാളികളുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ താരമാണ് മിഥുൻ രമേശ്. മിഥുനെ പോലെ തന്നെ ഭാര്യ ലക്ഷ്മിയും മകൾ തൻവിയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇവർ ഒന്നിച്ചുള്ള വ്ലോഗുകളും വീഡിയോകളുമൊക്കെ ഇരുകയ്യും വളരെ വേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ തനിക്കു വേണ്ടി ഭാര്യ മൊട്ടയടിച്ച വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മിഥുൻ. തിരുപ്പതിയിലെത്തി മൊട്ടയടിച്ച ലക്ഷ്മിയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

മൊട്ടൈ ബോസ് ലക്ഷ്മി എന്ന് പറഞ്ഞാണ് മിഥുൻ ചിത്രം പങ്കുവച്ചത്. ‘എന്റെ ബെൽസ് പാഴ്സി പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർഥിച്ചിരുന്നു; അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതിൽ കൂടുതൽ ഞാൻ എന്ത് ചോദിക്കാൻ? സ്നേഹത്തിന്റേയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റേയും ഈ ആശ്ചര്യകരമായ പ്രവർത്തിക്ക് നന്ദി’. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മിഥുൻ കുറിച്ചു. മിഥുന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.

കഴിഞ്ഞ മാർച്ചിലാണ് നടനും അവതാരകനുമായ മിഥുൻ രമേഷിന് ബെൽസ് പാൾസി രോഗം ബാധിച്ചത്. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു അസുഖ വിവരം മിഥുൻ ആരാധകരെ അറിയിച്ചത്. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു.