കെഎസ്എഫ് ഡിസിയുടെ 'ചുരുള്‍' ഓഗസ്റ്റ് 30 ന് പ്രദര്‍ശനത്തിനെത്തും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച 'ചുരുള്‍' നാളെ (ഓഗസ്റ്റ് 30) കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിന്‍റെ ഭാഗമായി നിര്‍മ്മിച്ച ചിത്രമാണിത്.
കെഎസ്എഫ് ഡിസി നിര്‍മ്മിച്ച് റിലീസ് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് ചുരുള്‍. നേരത്തെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിപ്രകാരം നിര്‍മ്മിച്ച നാല് ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയിരുന്നു.
ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവും ജാതിചിന്തയും ചര്‍ച്ചചെയ്യുകയാണ് ചുരുള്‍. അരുണ്‍ ജെ മോഹന്‍ ആണ് സംവിധാനം. പ്രവീണ്‍ ചക്രപാണി ഛായാഗ്രഹണവും ഡേവിസ് മാനുല്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, ഡാവിഞ്ചി, അഖില നാഥ്, ഗോപന്‍ മങ്ങാട്, രാജേഷ് ശര്‍മ്മ, കലാഭവന്‍ ജിന്‍റോ എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.
സംഗീതം മധുപോള്‍, മേക്കപ്പ് രതീഷ് വിജയന്‍, കലാസംവിധാനം നിതീഷ് ചന്ദ്ര ആചാര്യ, വസ്ത്രാലങ്കാരം ഷിബു പരമേശ്വരന്‍, സൗണ്ട് ഡിസൈന്‍ രാധാകൃഷ്ണന്‍ എസ്., സതീഷ്ബാബു, ഷൈന്‍ ബി ജോണ്‍, സൗണ്ട് മിക്സിങ് അനൂപ് തിലക്, വിഎഫ്എക്സ് മഡ്ഹൗസ്, കളറിസ്റ്റ് ബി യുഗേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍ കിഷോര്‍ബാബു.