കൃഷ്ണകുമാര്‍ ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെയാണ് സംസാരിക്കുന്നത് ; എസ് ശാരദക്കുട്ടി

saradakutty

തിരുവനന്തപുരം: തന്റെ വീട്ടില്‍ പണ്ട് പറമ്പില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് മുറ്റത്ത് കുഴികുത്തി ഇല വെച്ച് ഭക്ഷണം നല്‍കിയിരുന്നുവെന്ന നടന്‍ കൃഷ്ണകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്. കൃഷ്ണകുമാര്‍ പറയുന്നത് ശരിയല്ലെന്നും ഇല്ലാതിരുന്ന ഒരു കാര്യത്തെ തന്റെ വംശ മഹിമയ്ക്ക് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാര്‍ ചെയ്യുന്നതെന്നും ശാരദക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടന്‍ കൃഷ്ണകുമാറിനെ ഒക്കെ പരാമര്‍ശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്. 1968 ല്‍ ജനിച്ച ഒരാളുടെ ചെറുപ്പകാലം 70കളിലാണ്. അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പില്‍ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ല.

ഇല്ലാതിരുന്ന ഒന്നിനെ പോലും ഉണ്ടായിരുന്നതായി സങ്കല്‍പിച്ച് തന്റെ വംശ ‘മഹിമ’യ്ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണയാള്‍. ഗംഭീരമായിരുന്ന തന്റെ തറവാട്, അതിനു ചുറ്റും വലിയ പറമ്പ്, അവിടെ നിറയെ പണിക്കാര്‍, അവര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുക്കുന്ന അമ്മ, അതു കണ്ട് അകത്തളത്തിലിരുന്ന് കൊതിക്കുന്ന തറവാട്ടുണ്ണി തങ്കപ്പവന്‍കുഞ്ഞ്… ആഹാഹാ… സങ്കല്‍പലോകത്തിലെ ബാലഭാസ്‌കരന്‍… സ്വപ്നം കാണുന്ന രാജാവ് അര്‍ദ്ധരാജ്യം കാണാറില്ല. ഇയാള്‍ പഴയകാലസിനിമ വല്ലതും കണ്ട ഓര്‍മ്മയാകും,’ ശാരദക്കുട്ടി കുറിച്ചു.

കൃഷ്ണകുമാര്‍ തന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമര്‍ശം. പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പുകഴ്ത്തി പറയുന്നതിനിടയിലാണ് തന്റെ വീട്ടില്‍ പണ്ട് പണിക്കാര്‍ക്ക് കഞ്ഞി കൊടുത്തിരുന്നത് മണ്ണില്‍ കുഴികുത്തിയായിരുന്നു എന്ന് നടന്‍ പറഞ്ഞത്.

വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും നടന്‍ വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചുമാസം മുമ്പ് ചെയ്ത വീഡിയോ ഇപ്പോളാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുന്നത്.

Tags