ബൈക്ക് വാങ്ങാൻ നിവൃത്തിയില്ല; പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനം നൽകി കെപിവൈ ബാല

google news
kpy bala

വർഷങ്ങളായി യാത്രാബുദ്ധിമുട്ട് അനുഭവിച്ചിരുന്ന യുവാവിന് അപ്രതീക്ഷിതമായി ബൈക്ക് സമ്മാനിച്ച് തമിഴ് നടൻ കെപി വൈ ബാല. ബൈക്കില്ലാതെ ബുദ്ധിമുട്ടിയിരുന്ന പെട്രോള്‍ പമ്പ് ജീവനക്കാരനായ യുവാവിനാണ് ബാല ബൈക്ക് നൽകിയത്. ബൈക്ക് സമ്മാനിക്കുന്ന വീഡിയോ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിക്കുന്നതിന്റെയും ബൈക്കില്ലാത്തതിന്റെയും ബുദ്ധിമുട്ട് യുവാവ് പറയുന്ന വീഡിയോ കുറച്ചു കാലം മുൻപ് വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ യാദൃച്ഛികമായാണ് താന്‍ ആ യുവാവിന്റെ വിഡിയോ കണ്ടതെന്ന് ബാല പറയുന്നു. ബൈക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് യുവാവ് പറഞ്ഞതുകേട്ടപ്പോള്‍ തനിക്ക് വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അയാള്‍ക്ക് ബൈക്ക് വാങ്ങാന്‍ കഴിയില്ലെങ്കിലും തനിക്ക് ഒരു ബൈക്ക് അയാള്‍ക്ക് സമ്മാനമായി നല്‍കാന്‍ കഴിയില്ലേയെന്ന് ആലോചിച്ചു. തുടര്‍ന്നാണ് യുവാവിന് സമ്മാനമായി ബൈക്ക് വാങ്ങി നല്‍കിയതെന്ന് ബാല പറഞ്ഞു.

പുത്തന്‍ ബൈക്കുമായി നടന്‍ ഇന്ധനം അടിക്കാന്‍ പെട്രോള്‍ പമ്പിലെത്തി. പെട്രോള്‍ അടിച്ചതിന് പിന്നാലെ നടന്‍ വണ്ടിയുടെ കീ ജീവനക്കാരന് കൈമാറുകയായിരുന്നു. അതിനുശേഷം കുറച്ച് ദൂരം നടന്‍ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയും ചെയ്തു. യുവാവിനെ കെട്ടിപ്പിടിച്ച് സെല്‍ഫി എടുത്ത ശേഷമാണ് നടന്‍ മടങ്ങിയത്.
തമിഴ് ടെലിവിഷൻ കോമഡി പ്രോഗ്രാമ്മുകളിലൂടെ ശ്രദ്ധനേടിയ നടനാണ് കെ പി വൈ ബാല.