മികച്ച പ്രതികരണവുമായി 'കാതല്‍'

kathal

 ജിയോ ബേബി സംവിധാനം ചെയ്ത്  മമ്മൂട്ടി, ജ്യോതിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതല്‍'  ഇരട്ടിയിലേറെ ലാഭവുമായി മുന്നോട്ട് കുതിക്കുകയാണ് .മമ്മൂട്ടി, ജ്യോതിക എന്നിവരുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം കഥയുടെ മേന്‍മ കൊണ്ടും റിലീസ് ചെയ്ത് ഒരു വാരം പിന്നിടുമ്പോള്‍ കേരളത്തില്‍ 150-ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. മോളിവുഡ് ബോക്‌സോഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ചിത്രത്തിന്റെ വരുമാനം 10 കോടി കടന്നിരിക്കുകയാണ്.


കുടുംബകഥകള്‍ പലതു വന്നിട്ടുള്ള മലയാള സിനിമയില്‍ ധീരമായൊരു ചുവടുവെയ്പ്പായാണ് കാതലിനെ കാണുന്നത് . ദാമ്പത്യജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എണ്ണിയാലൊടുങ്ങാത്ത മലയാള സിനിമകളില്‍ കണ്ട പ്രേക്ഷകര്‍ക്ക് 'കാതല്‍' വ്യത്യസ്തമാവുന്നത് വെറും കുടുംബകഥ എന്ന ആശയത്തില്‍നിന്ന് ബഹുദൂരം മുന്നോട്ടുപോകുന്നു എന്നുള്ളതുകൊണ്ടാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്നു ചിത്രം 7.55 കോടിയാണ് നേടിയിരിക്കുന്നത്. കേരളം ഒഴികെ ആഭ്യന്തര ബോക്‌സോഫീസ് കളക്ഷന്‍ 1.85 കോടിയാണ്. ഇതോടെ, ഇന്ത്യയില്‍നിന്നു മൊത്തം കളക്ഷന്‍ 9.4 കോടിയായി. യുകെയില്‍നിന്നു ചിത്രം ഇതുവരെ നേടിയത് 50.55 ലക്ഷമാണ്.

ഡിസംബര്‍ ഏഴിനു ഓസ്‌ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ 'കാതലി'നും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Tags