പൊന്നിയിൻ സെൽവനുവേണ്ടി ജയറാം സാർ ഉയരം കുറച്ചു, അതെങ്ങനെയെന്ന് പറയില്ല : കാർത്തി

google news
ponnyan selven

സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിലെ പൊന്നി നദി പാക്കണുമേ എന്ന ​ഗാനത്തിന്റെ പ്രകാശനം രണ്ട് ദിവസം മുമ്പ് ചെന്നൈയിൽ നടന്നിരുന്നു. ഈ ചടങ്ങിൽ വെച്ച് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനേക്കുറിച്ച് നടൻ കാർത്തി പറഞ്ഞ ഒരു കാര്യം വാർത്തകളിൽ ഇടംപിടിക്കുകയാണ്.

പൊന്നിയിൻ സെൽവനിലെ ആൾവാർ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ജയറാം ഉയരം കുറച്ചു എന്നാണ് കാർത്തി പറഞ്ഞത്. നമ്പി എന്ന കഥാപാത്രത്തിന് അഞ്ചരയടിയാണ് ഉയരം. എന്നാൽ ജയറാം സാറിനാകട്ടെ ആറരയടി പൊക്കവും. കഥാപാത്രത്തിന്റെ ഉയരത്തിലേക്കെത്താൻ വിശ്വസിനാക്കാനാവാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു. അതെന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും കാർത്തി പറഞ്ഞു.

"പൊന്നിയിൻ സെൽവന്റെ ചിത്രീകരണം സാഹസികമായ അനുഭവമായിരുന്നു. ഞാനും ജയം രവിയും ജയറാം സാറും മാത്രമായിരുന്നു ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഒരുമിച്ചുണ്ടായിരുന്നത്. ജയറാം സാറിനെപ്പോലെ ഒരാൾക്കൊപ്പം ജോലി ചെയ്യാനായത് അനു​ഗ്രഹമായി കാണുന്നു. അദ്ദേഹമൊരു നടനാണെന്നും ഞാനും ജയം രവിയും ആക്ടിങ്ങിലെ എ എന്ന അക്ഷരം മാത്രമേ ആയിട്ടുള്ളൂ. ഞങ്ങൾ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു സർ." കാർത്തി പറഞ്ഞു.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ഇതേപേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളൻ അരുൾമൊഴി വർമനായി ജയം രവിയുമെത്തുന്നു. വന്ദിയ തേവൻ എന്ന കഥാപാത്രമായാണ് കാർത്തിയെത്തുന്നത്.

നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ റായിയും കുന്ദവയായി തൃഷയുമെത്തുന്നു. റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. രണ്ട് ഭാ​ഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗം ഈ വരുന്ന സെപ്റ്റംബർ 30-ന് തിയേറ്ററുകളിലെത്തും.

Tags