ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണസമിതി കന്നഡ സിനിമാ മേഖലയിലും വേണം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകി താരങ്ങൾ

sandalwood
sandalwood

ബെംഗളൂരു: കന്നഡ സിനിമാ മേഖലയിലും ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണസമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കന്നഡ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാളിറ്റി(‘ഫയർ') മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകി. സ്ത്രീകൾക്കുനേരെയുണ്ടാകുന്ന ലൈംഗികാതിക്രമമുൾപ്പെടെ അന്വേഷിക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. 

സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും സിനിമാമേഖലയിൽ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറഞ്ഞു. ഇതിനുവേണ്ടിയുള്ള നിർദേശങ്ങൾ സമിതി സമർപ്പിക്കണം. സമിതിയുടെ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

സംഘടനയിലെ നടികളും സംവിധായകരും ഉൾപ്പെടെ 153 അംഗങ്ങളുടെ പേരിലാണ് കത്ത് നൽകിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ, സംയുക്ത ഹെഗ്‌ഡെ, ഹിത, നടൻമാരായ സുദീപ്, ചേതൻ അഹിംസ തുടങ്ങിയവർ ഇതിലുണ്ട്.