തിയേറ്റർ റൈറ്റ്സ് വിറ്റത് കോടികൾക്ക്; റിലീസിന് മുൻപേ പണം വാരി 'കല്‍ക്കി'

google news
kalki

ബാഹുബലിയുടെ വിജയത്തോടെ പാൻ ഇന്ത്യൻ താരമായി മാറിയ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ്  'കൽക്കി 2898 എ ഡി'. നാഗ് അശ്വിൻ എഴുതി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസിന് മുൻപേ നേടിയത് കോടികളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഹിന്ദി പതിപ്പിന്റെ തിയേറ്റർ അവകാശം 110 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മെയ് ഒമ്പതിനാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ മെയ് 13 ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ റിലീസ് മാറ്റി വെയ്ക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. 

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്.