'കടുവ' നാളെ ഒടിടിയിൽ ഇറങ്ങും
kaduva

 


പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് കടുവ. പൃഥ്വിരാജിന്റെ മാസ് ആക്ഷനും, ഷാജി കൈലാസ് എന്ന സംവിധായകന്റെ ​ഗംഭീര തിരിച്ചുവരവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുന്നുവെന്ന വിവരം ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിയറ്റർ വിജയത്തിന് നന്ദി അറിയിക്കുകയാണ് പൃഥ്വിരാജ്. 

ചിത്രം നാളെ (ഓ​ഗസ്റ്റ് 4) ഒടിടിയിൽ എത്തുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് പൃഥ്വിരാജ് പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ ട്രെയിലറും താരം പങ്കുവച്ചിട്ടുണ്ട്. ആമസോൺ പ്രൈമിലൂടെയാണ് കടുവയുടെ സ്ട്രീമിം​ഗ് നടക്കുന്നത്. ഒരിക്കൽ കൂടി ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. 

അതേസമയം, ആദ്യദിനം മുതൽ മികച്ച പ്രതികരണം കാഴ്ചവയ്ക്കുന്ന ചിത്രം ലോകമെമ്പാടുമായി 50 കോടിയിലധികം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിം​ഗ് കളക്ഷന്‍ ആയിരുന്നു ഇത്. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും പിന്നാലെ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും ചെയ്തിരുന്നു. ശേഷം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിക്കുന്നത്. 'കാപ്പ' എന്നാണ് ചിത്രത്തിന്റെ പേര്. 'കൊട്ട മധു' എന്ന കഥാപാത്രമായി പൃഥ്വി ചിത്രത്തിൽ എത്തുന്നു. മഞ്‍ജു വാര്യരാണ് നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. 


 

Share this story